കൊച്ചി : കാക്കനാട് ആള്‍ക്കൂട്ട കൊലപാതകത്തില്‍ മുഖ്യപ്രതിയടക്കം ആറു പേര്‍ അറസ്റ്റിലായി. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന മുഖ്യപ്രതി അസീസ്, മകന്‍ അനീസ് എന്നിവരടക്കം ആറുപേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

കേസില്‍ മൊത്തം 14 പ്രതികളാണുള്ളത്. ഏഴു പേര്‍ നേരെത്തെ അറസ്റ്റിലായതാണ്. ഗൂഢാലോചന, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

കഴിഞ്ഞ ശനിയാഴ്ചയാണ് ചക്കരപ്പറമ്ബ് സ്വദേശി ജിബിന്‍ ടി. വര്‍ഗീസിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത കണ്ടെത്തിയ തൃക്കാക്കര പോലീസ് കേസെടുക്കുകയായിരുന്നു. അതേസമയം യുവാവിന്റെ മരണം സാദാചാരക്കൊലയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അനാശാസ്യം ആരോപിച്ച്‌ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുകയായിരുന്നു. ഈ മര്‍ദ്ദനമേറ്റാണ് ജിബിന്‍ കൊല്ലപ്പെടുന്നത്.

അതേസമയം അപകടമരണമെന്ന് വരുത്തി തീര്‍ക്കാന്‍ ജിബിന്റെ മൃതദേഹം റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

മരണം സംഭവിക്കുന്നതിന് തലേന്ന് രാത്രി ഒരുമണിയോടെ ഒരു ഫോണ്‍ കോള്‍ വരികയും തുടര്‍ന്ന് വീട്ടില്‍ നിന്ന് സ്‌കൂട്ടറുമായി ജിബിന്‍ പുറത്തേക്ക് പോകുകയുമായിരുന്നെന്ന് കുടുംബം പൊലീസിന് മൊഴി നല്‍കിയിരുന്നു. തൃക്കാക്കര അസി. കമ്മീഷണറുടെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടത്തുന്നത്.