എന്‍സിപി അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ശരത് പവാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. മഹാരാഷ്ട്രയിലെ മാധ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് പവാര്‍ മല്‍സരിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കുടുംബത്തിലെ രണ്ടുപേര്‍ ഇത്തവണ മല്‍സരിക്കുന്നുണ്ട്. ഈ വേളയില്‍ താന്‍ മല്‍സരിക്കുന്നത് ഉചിതമാണെന്ന് തോന്നുന്നില്ല. മല്‍സരിക്കേണ്ടെന്ന് തീരുമാനിക്കുന്നതിന് യോജിച്ച സമയം ഇതാണ്. നേരത്തെ 14 തവണ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടുണ്ടെന്നും പവാര്‍ പറഞ്ഞു. പാര്‍ട്ടി മത്സരിക്കുന്ന സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക ഉടന്‍ പ്രഖ്യാപിക്കുമെന്നും ശരത് പവാര്‍ അറിയിച്ചു.