തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിറക്കിയത്. തിരുവനന്തപുരം സ്വദേശിയായ ശ്യാംകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

തെരഞ്ഞെടുപ്പ് കാലത്ത് ഫ്ലക്സ് ബോര്‍ഡുകളോ പരിസ്ഥിത സൗഹൃദമല്ലാത്ത വസ്തുക്കളോ ഉപയോഗിച്ചുള്ള പ്രിന്‍റിംഗോ പാടില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. ജീര്‍ണിക്കുന്ന വസ്തുക്കള്‍ മാത്രമേ പ്രചരണത്തിന് ഉപയോഗിക്കാവൂ എന്ന് കോടതി നിര്‍ദ്ദേശിച്ചു.

ഫ്ലക്സ് ബോര്‍ഡുകളുടെ ദുരുപയോഗം ചൂണ്ടിക്കാട്ടി മറ്റൊരു ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ പരിഗണനയിലുണ്ട്. ഈ ഡിവിഷന്‍ ബെഞ്ചിന്‍റെ പരിഗണനയിലേക്ക് ശ്യാമിന്‍റെ ഹര്‍ജിയും മാറ്റണം എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചത് ഗുരുതരമായ പരിസ്ഥിതി പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഫ്ലക്സ് ബോര്‍ഡുകളുടെ ഉപയോഗം നിരോധിച്ചത്.