കല്‍പ്പറ്റ: പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി.പി ജലീലിനെ പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയതായി സംശയമുണ്ടെന്ന് സഹോദരങ്ങളായ സി.പി റഷീദും ജിഷാദും. ഇതുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും മൃതദേഹം വിട്ടുതരണമെന്നും സഹോദരങ്ങള്‍ പ്രതികരിച്ചു.

ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റിന് ഗുരുതരമായി പരിക്കേറ്റുവെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. പിന്നീട് കാടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് ജലീല്‍ എന്നയാള്‍ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചത്. ആയുധങ്ങളുമായെത്തിയ അഞ്ചംഗ സംഘമാണ് വെടിവെയ്പ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ റേഞ്ച് ഐജി വയനാട്ടിലെത്തിയിരുന്നു.

കനത്ത സുരക്ഷാ വലയത്തിലാണ് വൈത്തിരി ഇപ്പോള്‍. പ്രദേശത്തേക്ക് മറ്റ് ജില്ലകളില്‍ നിന്നുള്ള തണ്ടര്‍ബോള്‍ട്ട് സംഘം എത്തിയിരുന്നു. മാവോയിസ്റ്റുകളുമായുള്ള വെടിവയ്പ്പിനെ തുടര്‍ന്ന് തടഞ്ഞ കോഴിക്കോട് വയനാട് ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിസോര്‍ട്ട് അധികൃതരോടും താമസക്കാരോടും പുറത്തിറങ്ങരുതെന്നാണ് പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്