ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന പാ​ക്കി​സ്ഥാ​നി​ലെ ബാ​ലാ​കോ​ട്ടി​ല്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ എത്ര ഭീകരരെ വധിച്ചെന്ന ഔ​ദ്യോ​ഗി​ക ക​ണ​ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കൈ​വ​ശ​മി​ല്ലെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി നി​ര്‍​മ​ലാ സീ​താ​രാ​മ​ന്‍. ഈ കാര്യത്തില്‍ വിദേശകാര്യ സെക്രട്ടറി വി​ജ​യ ഗോ​ഖ​ലെ പറഞ്ഞതാണ് ഇന്ത്യന്‍ നിലപാടെന്നും നി​ര്‍​മ​ലാ സീ​താ​രാ​മ​ന്‍ വ്യക്തമാക്കി.

പാക്കിസ്ഥാനിലെ ജയ്‌ഷെ മുഹമ്മദിന്റെ ഭീകര പരിശീലന ക്യാംപിന് നേരെ ഇന്ത്യ തിരിച്ചടിക്കുകയാണ് ചെയ്തത്. ഇത് പാക്കിസ്ഥാനെതിരെയുള്ള സൈനിക നടപടിയല്ലെന്നും മുന്‍ കരുതലെന്ന നിലയില്‍ ഇന്ത്യ സ്വീകരിച്ച നടപടി മാത്രമാണെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

നേ​ര​ത്തേ, ബാ​ലാ​കോ​ട്ടി​ല്‍ 250 ഭീ​ക​ര​രെ ഇ​ന്ത്യ വധിച്ചെന്ന് അവകാശവാദമുന്നയിച്ച ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പരാമര്‍ശം വിവാദമായിരുന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​ര്‍ എ​ത്ര പേ​രെ​ന്നു സൈ​ന്യം ക​ണ​ക്കെ​ടു​ക്കാ​റി​ല്ലെ​ന്നും നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്ക് സ​ര്‍​ക്കാ​രാ​ണു പ​റ​യേ​ണ്ട​തെ​ന്നും വ്യോ​മ​സേ​നാ മേ​ധാ​വി ബി.​എ​സ്. ധ​നോ​വ പ്ര​തി​ക​രി​ച്ചി​രു​ന്നു.