ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ് വേണ്ടെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ലെന്ന് ജെഡിഎസ്. കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തിന് ശേഷം മന്ത്രി കെ.കൃഷ്ണന്‍കുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജയസാധ്യതയില്ലാത്ത കോട്ടയം സീറ്റിന് പകരമായി മറ്റൊരു സീറ്റ് എന്ന ആവശ്യം ജെഡിഎസില്‍ നേരത്തെ ഉയര്‍ന്നിരുന്നു.

കോട്ടയത്തിന് പകരം തിരുവനന്തപുരം, എറണാകുളം, വടകര എന്നിവയിലൊന്ന് വേണമെന്ന് നേതാക്കള്‍ ഇന്ന് പരസ്യമായി ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജെഡിഎസ് യോഗത്തില്‍ സീറ്റ് എവിടെ ലഭിച്ചാലും സ്വീകരിക്കാമെന്ന ധാരണയില്‍ സംസ്ഥാന നേതൃത്വം എത്തിച്ചേരുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പാര്‍ട്ടി നാലംഗ കമ്മീഷനെ നിയോഗിച്ചു.