ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബിജെപി പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയ പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാക്കൾ. ലോകത്തെ ഏറ്റവും വലിയ വീഡിയോ കോണ്‍ഫറന്‍സ് എന്ന വിശേഷണത്തോടെ മോദി ബിജെപി പ്രവർത്തകരുമായി നടത്തിയ സംവാദമാണ് വിവാദമായത്.

ഓരോ ഇന്ത്യക്കാരനോടും പ്രധാനമന്ത്രി സംസാരിക്കേണ്ട സമയത്ത് അദ്ദേഹം ബിജെപി പ്രവര്‍ത്തകരുമായി സംവദിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. തങ്ങളുടെ തെരഞ്ഞെടുപ്പ് റാലിയും പ്രവര്‍ത്തക സമിതിയോ​ഗം പോലും നിലവിലെ അവസ്ഥയിൽ മാറ്റി വച്ചു. പക്ഷേ വീഡിയോ കോണ്‍ഫറന്‍സിങ് നടത്തി റെക്കോഡ് ഇടാനാണ് ഈ സമയത്തും മോദിക്ക് തിടക്കുമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ജനങ്ങള്‍ രാഷ്ട്രീയത്തിന് അതീതമായി ഗവണ്‍മെന്റിനെ പിന്താങ്ങുന്ന വേളയില്‍ ഒരുകോടി ബിജെപി പ്രവര്‍ത്തകരുമായി സംസാരിച്ചു കൊണ്ട് റെക്കോര്‍ഡ് സൃഷ്ടിക്കുവാനാണ് മോദി ശ്രമിച്ചതെന്നും ബിജെപിയെ പിന്തുണയ്ക്കുന്നവര്‍ക്ക് വരെ പ്രധാനമന്ത്രിയുടെ ഈ പ്രവൃത്തി നാണക്കേടുണ്ടാക്കിയെന്ന് എസ് പി നേതാവ് അഖിലേഷ് യാദവ് വ്യക്തമാക്കി. മോദിയുടെ വീഡിയോ കോണ്‍ഫറന്‍സിങ്ങിനെ ബിഎസ്പി നേതാവ് മായാവതിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും വിമര്‍ശിച്ചിരുന്നു.