പുല്‍വാമ ഭീകരാക്രമണത്തിലും തുടര്‍ സംഭവ വികാസങ്ങളിലും ആശങ്ക പ്രകടിപ്പിച്ച്‌ പ്രതിപക്ഷ പാര്‍ട്ടികള്‍.ജവാന്‍മാരുടെ ജീവത്യാഗത്തെ ബിജെപി രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇന്ന് ഡൽഹിയിൽ ചേർന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ 21 പാര്‍ട്ടികള്‍ പങ്കെടുത്തു.

പാക് നടപടികളെ അപലപിച്ച യോഗം ശത്രുരാജ്യത്തിന്‍റെ ആക്രമണത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്നും പ്രഖ്യാപിച്ചു. ഭീകരാക്രമണത്തിന് ശേഷം സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കാത്തതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യോഗം കുറ്റപ്പെടുത്തി. ഇത്തരം സാഹചര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിലെ കീഴ്വഴക്കമാണെന്നും പ്രതിപക്ഷ കക്ഷികളുടെ യോഗം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

പാക് ഭീകരകേന്ദ്രങ്ങള്‍ക്ക് എതിരായി വ്യോമസേന നടത്തിയ ആക്രമണത്തെ അഭിനന്ദിച്ചുകൊണ്ടായിരുന്നു വൈമാനികനെ കാണാതായതുള്‍പ്പെടെയുള്ള നിലവിലെ സംഭവവികാസങ്ങളില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ആശങ്ക രേഖപ്പെടുത്തിയത്.കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയ ഗാന്ധി, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, എന്‍സിപി നേതാവ് ശരദ് പവാര്‍ തുടങ്ങിയ 21 പാര്‍ട്ടികളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.