ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ അവസാന ട്വന്റി20 നാളെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യയ്ക്ക് നാളത്തെ മത്സരം നിർണായകമാണ്. വിജയത്തോടെ പരമ്പരയിൽ ഓസ്‌ട്രേലിയക്കൊപ്പം എത്താനാകും ഇന്ത്യയുടെ ശ്രമം. വിശാഖപട്ടണത്ത് നടന്ന ആദ്യ മത്സരത്തില്‍ അവസാന പന്തിലായിരുന്നു ഓസ്ട്രേലിയയുടെ വിജയം.

രണ്ടാം മത്സരത്തില്‍ ഇന്ത്യൻ ടീമിൽ കാര്യമായ അഴിച്ച്‌ പണിക്ക് സാധ്യതയില്ല. അതേസമയം, ബൗളിങ്ങിൽ ഉമേഷ് യാദവിന് പകരം സിദ്ധാര്‍ത്ഥ് കൗളിനോ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനോ അവസരം ലഭിച്ചേക്കാം. വിശ്രമം അനുവദിച്ചിരിക്കുന്ന ശിഖര്‍ ധവാനെ ഓപ്പണിങ്ങില്‍ മടക്കികൊണ്ടുവരാനുള്ള സാധ്യതയും തള്ളി കളയാനാകില്ല. അങ്ങനെയെങ്കില്‍ ഋഷഭ് പന്തിനോ ദിനേശ് കാര്‍ത്തിക്കോ ടീമിന് പുറത്തിരിക്കേണ്ടി വരും.