ജനുവരി എട്ടിനും ഒമ്പതിനും നടന്ന ദേശീയ പണിമുടക്കില്‍ പങ്കെടുത്ത സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് ഹൈക്കോടതിയില്‍ തിരിച്ചടി. സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. നടപടി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി.

സമരം നടത്തുന്നവരെ സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുകയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നടന്ന ദേശീയ പണിമുടക്കിൽ പങ്കെടുത്ത കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആ ദിവസങ്ങളിലെ ശമ്പളം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. പണിമുടക്കിയ ദിവസങ്ങള്‍ ആകസ്മിക അവധിയായി പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.