അഹമ്മദാബാദ്: അതിര്‍ത്തിക്ക് സമീപം പാക്‌സിതാന്‍ ഡ്രോണ്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടു. ഗുജറാത്തിലെ കച്ചിലെ അബ്ധാസ ഗ്രാമത്തിലാണ് സംഭവം. പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയതിന് പിന്നാലെയാണ് പാക് ഡ്രോണ്‍ സൈന്യം വെടിവെച്ചിട്ടത്. സൈനിക ഉദ്യോഗസ്ഥരും ഗുജറാത്ത് പോലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിക്കുകയാണ്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വ്യോമസേന പാക് ഭീകരകേന്ദ്രങ്ങളില്‍ മിന്നലാക്രമണം നടത്തിയത്. മിറാഷ് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ മൂന്ന് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ജെയ്‌ഷെ മുഹമ്മദിന്റെ താവളങ്ങള്‍ ആക്രമണത്തില്‍ തകര്‍ത്തതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും സ്ഥിരീകരിച്ചിരുന്നു.