ഷൊര്‍ണൂര്‍: ചെന്നൈ -മംഗലാപുരം ട്രെയിന്‍ ഷൊര്‍ണൂരില്‍ പാളം തെറ്റി. രണ്ട് ബോഗികളാണ് പാളത്തില്‍ നിന്ന് തെന്നി മാറിയത്. ആര്‍ക്കും പരിക്കില്ല. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തു വച്ചാണ് എന്‍ജിന് പിന്നിലെ രണ്ട് ബോഗികള്‍ തെന്നിമാറിയത്. പാളത്തിന് അരികിലെ ഇലക്‌ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. പാര്‍സല്‍ വാനും എസ്.എല്‍.ആര്‍ കോച്ചുമാണ് പാളം തെറ്റിയത്. ഇന്നുരാവിലെ 6.45നായിരുന്നു അപകടം.

സംഭവത്തെതുടര്‍ന്ന് പാലക്കാട് ,തൃശ്ശൂർ ഭാഗത്തേക്കുളള ട്രെയിൻ ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടു. സിഗ്നൽ സംവിധാനം പുനസ്ഥാപിച്ചെങ്കിലും മൂന്ന് ട്രെയിനുകൾ ഇന്ന് വഴിതിരിച്ചുവിട്ടിട്ടുണ്ട്. തിരുവനന്തപുരം ഹൈദരാബാദ് ശബരി എക്സ്പ്രസ്, ആലപ്പുഴയിൽ നിന്നുളള ധൻബാദ് എക്സ്പ്രസ്, രപ്തിസാഗർ എക്സ്പ്രസ് എന്നിവ ഷൊർണൂർ സ്റ്റേഷനിൽ പ്രവേശിക്കാതെ വഴിതിരിഞ്ഞ് പോകും. ഷൊറണൂർ – നിലമ്പൂർ റോഡ് പാസഞ്ചർ ഇന്നത്തേക്ക് റദ്ദാക്കിയിട്ടുമുണ്ട്. ട്രാക്കിലെ അറ്റകുറ്റപ്പണികാരണം ഷൊർണൂർ- തൃശ്ശൂർ റൂട്ടിൽ ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. സംഭവത്തിന്‍റെ കാരണത്തെക്കുറിച്ച് റെയിൽവെ അന്വേഷണം തുടങ്ങി