കേരള സാഹിത്യ അക്കാദമിക്കു നേര്‍ക്കു നടന്ന കയ്യേറ്റശ്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പെരിയ ഇരട്ടക്കൊലപാതകത്തില്‍ സാംസ്‌കാരിക നായകര്‍ മൗനം പാലിക്കുകയാണെന്ന് ആരോപിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ കേരള സാഹിത്യ അക്കാദമിയിൽ പ്രതിഷേധം നടത്തിയതിനെതിരെയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്.

കേരള സാഹിത്യ അക്കാദമി മലയാള സാംസ്കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയുന്നത്. അവിടെ ചെന്ന് സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ശക്തികള്‍ സാഹിത്യകാരന്മാരെ അധിക്ഷേപിച്ചത് അത്യന്തം ഹീനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എഴുത്തുകാരോട് എങ്ങനെ പ്രതികരിക്കണമെന്നു കല്‍പിക്കാന്‍ ആര്‍ക്കും അവകാശമില്ല. സാഹിത്യകാരന്മാരെ ഭര്‍ത്സിക്കുന്ന നടപടികള്‍ കേരളത്തിന്‍റെ സംസ്കാരത്തിന് നിരക്കുന്നതല്ല. അക്രമങ്ങള്‍ അനുവദിക്കുന്ന പ്രശ്നവുമില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.