കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത മഹാരാഷ്ട്ര സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കിസാൻസഭയുടെ നേതൃത്വത്തിൽ ലോങ്ങ് മാര്‍ച്ച് ആരംഭിച്ചു. സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടും ലോങ്ങ് മാര്‍ച്ചുമായി മുന്നോട്ട് പോകുമെന്ന ഉറച്ച തീരുമാനത്തിലാണ് കിസാന്‍സഭയും കര്‍ഷകരും.

നാസിക്കിൽ നിന്നും മുംബൈ വരെയുള്ള മാർച്ചിൽ ഒരു ലക്ഷം കര്‍ഷകര്‍ അണിനിരക്കും.കര്‍ഷക റാലിയില്‍ പങ്കെടുക്കാനെത്തിയ നിരവധി കര്‍ഷകരെയാണ് മഹാരാഷ്ട്ര പൊലീസ് വിവിധ ഇടങ്ങളില്‍ തടഞ്ഞത്. കൂടാതെ നേതാക്കളെ പലയിടങ്ങളിലും കരുതല്‍തടങ്കലിലാക്കിയിട്ടുണ്ട്. ഇതേതുടർന്ന് ഇന്നലെ വൈകിട്ട് നാല് മണിക്ക് തുടങ്ങാനിരുന്ന യാത്ര മാറ്റി വെയ്ക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം അമ്പതിനായിരത്തോളം കർഷകരാണ് കിസാന്‍സഭയുടെ ലോങ്ങ് മാര്‍ച്ചിൽ പങ്കെടുത്തത്. സമരം ദേശീയ ശ്രദ്ധ ആകർഷിച്ചതോടെ താങ്ങുവില,വിള ഇന്‍ഷുറന്‍സ് അടക്കമുള്ള കാര്യങ്ങളില്‍ കര്‍ഷകരുടെ ആവശ്യം മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകരിക്കുയായിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും വാഗ്ദാനം നിറവേറ്റാത്തതിനെ തുടർന്നാണ് കര്‍ഷകര്‍ വീണ്ടും സമരത്തിനിറങ്ങുന്നത്.