സുനന്ദ പുഷ്‍കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ദില്ലി പട്യാല ഹൗസ് കോടതി വാദം കേൾക്കുന്നത് മാര്‍ച്ച് ഏഴിലേക്ക് മാറ്റിവെച്ചു. കേസില്‍ ശശി തരൂരിനെ പ്രതിയാക്കിയാണ് ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ ശശി തരൂര്‍ കോടതിയിലെത്തിയിരുന്നു. 2014 ജനുവരി 17നാണ് ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ സുനന്ദപുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസ് ദില്ലി പൊലീസ് പ്രത്യേക സംഘമാണ് അന്വേഷിച്ചത്. കേസ് സിബിഐ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമിയുടെ ആവശ്യം കോടതി തള്ളിയിരുന്നു.

വിചാരണക്കിടെ വിദേശത്തേക്ക് പോകാന്‍ അനുമതി തേടി ശശി തരൂര്‍ നല്‍കിയ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. സുനന്ദയുടെത് ആത്മഹത്യയാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. പൊലിസ് ശേഖരിച്ച തെളിവുകളും രേഖകളും തരൂരിന് കൈമാറാന്‍ പട്യാല ഹൗസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇക്കൂട്ടത്തിലുള്ള ചില ഡിജിറ്റല്‍ തെളിവുകള്‍ തുറന്ന് പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്ന് തരൂരിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ജനുവരി 14നാണ് ദില്ലി പൊലിസ് ശശി തരൂരിനെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചത്