സര്‍ക്കാര്‍ പരിപാടിയില്‍ ചെഗുവേരയുടെ ചിത്രമുള്ള പതാകയുമായി എത്തിയ പ്രവര്‍ത്തകരെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പലരും പല ആശയങ്ങളില്‍ വിശ്വസിക്കുന്നവരാകാം എന്നാല്‍ അത് പ്രചരിപ്പിക്കാനുള്ള വേദിയായി പൊതുവേദികള്‍ മാറരുത്. സര്‍ക്കാര്‍ എല്‍ഡിഎഫിന്റേത് മാത്രമല്ല നാടിന്റേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ഹാര്‍ബറിന്റെ ശിലാ സ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുന്നതിനിടെ പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തിയപ്പോഴാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയത്.

‘എല്‍ഡിഎഫ് ജയിച്ചു, അതുകൊണ്ട് എല്‍ഡിഎഫുകാരുടെ മാത്രം ഗവണ്‍മെന്റാണോ ഇത്? നാടിന്റെ സര്‍ക്കാരാണ്. ഒരു പതാക പിന്നില്‍ ഉയരുന്നതായി കണ്ടു. നാട്ടില്‍ ഒരുപാട് ആളുകള്‍ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരാളുടെ ഫോട്ടോയോട് കൂടിയതാണ് . വേറെ ഒരു വേദിയില്‍ അത് ഉയര്‍ത്തുന്നതില്‍ തെറ്റില്ല. പക്ഷെ അതിന്റെ സ്ഥലമല്ല ഇത്. അതിന്റെ ആളുകള്‍ മനസിലാക്കേണ്ടത്, എല്ലായിടേയും ഇത് ചുമന്ന് കൊണ്ട് പോകേണ്ട കാര്യമില്ല . അതിന് വേദികള്‍ വേറെ ഉണ്ട് , അവിടങ്ങളില്‍ ഈ കൊടി ആവേശപൂര്‍വ്വം കൊണ്ടുപോകാവുന്നതാണ്’- മുഖ്യമന്ത്രി പറഞ്ഞു.