കൊച്ചി നഗരത്തിലെ ചെരിപ്പ് ഗോഡൗണിലുണ്ടായ തീപിടിത്തം മൂന്ന് മണിക്കൂറിനുശേഷം നിയന്ത്രണവിധേയമാക്കി. അഗ്നിശമന സേനയുടെ 18 യൂണിറ്റുകളും നാവികസേനയുടെ രണ്ട് യൂണിറ്റുകളും സംയുക്തമായി നടത്തിയ ശ്രമകരമായ ദൗത്യത്തിന് ഒടുവിലാണ് തീ അണച്ചത്.

പാരഗണ്‍ ചെരിപ്പ് ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ആറ് നിലയുള്ള കെട്ടിടത്തിന്റെ അഞ്ച് നിലയും പൂര്‍ണമായുംകത്തിനശിച്ചു. കെട്ടിടത്തിന്റെ താഴെ നിലയിലാണ് ഗോഡൗണ്‍ സ്ഥിതിചെയ്‌തിരുന്നത്. കെട്ടിടത്തില്‍ നിന്ന് തീ ഉയരുന്നത് കണ്ട് ജീവനക്കാര്‍ ഇറങ്ങിയോടിയത് മൂലം വന്‍ അപകടം ഒഴിവായി. ജീവനക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കില്ലെന്നും പൊലീസ് അറിയിച്ചു.