കാശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ വി വി വസന്തകുമാറിന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഭാര്യയ്ക്ക് 15 ലക്ഷം രൂപയും മാതാവിന് 10 ലക്ഷം രൂപയും നല്‍കും.

വസന്തകുമാറിന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവ് പൂര്‍ണമായി സര്‍ക്കാര്‍ വഹിക്കും. കുടുംബത്തിന് പുതിയ വീട് നിര്‍മ്മിച്ചു നല്‍കും. വസന്തകുമാറിന്റെ ഭാര്യ വെറ്റിറിനറി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് തസ്തികയില്‍ താത്കാലിക അടിസ്ഥാനത്തിലുള്ള ജോലി സ്ഥിരപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചത്.