കാസര്‍കോട്: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകാരായ ക്യപേഷിന്റെയും ശരത്ത് ലാലിന്റെയും വീടുകളിൽ സന്ദർശനം നടത്തവെ, പൊട്ടിക്കരയുന്ന അവരുടെ രക്ഷിതാക്കളെ ആശ്വസിപ്പിക്കാനാവാതെ മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും. ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിങ്ങിക്കരയുകയായിരുന്നു. കൊലപാതകം നടത്തിയിട്ട് കയ്യൊഴിയുന്നത് സി.പി.എമ്മിന്റെ സ്ഥിരം രീതിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

ഇന്നലെ രാത്രി നടന്ന ആക്രമണത്തിലാണ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാസര്‍ഗോഡ് കൊല്ലപ്പെട്ടത്. അക്രമികളുടെ വെട്ടേറ്റ് ശരത് ലാലിന്റെ കാലില്‍ ആഴത്തിലുള്ള 5 വെട്ടുകളില്‍ അസ്ഥികള്‍ വരെ തകര്‍ന്നു. കഴുത്തിനു ഇടത് ഭാഗത്ത് ആഴത്തില്‍ വെട്ടേറ്റിരുന്നു. രക്ഷപ്പെട്ട് ഓടിയ കൃപേഷിനെ നെറുകയില്‍ ആണ് വെട്ടേറ്റത്. 11 സെന്റി മീറ്റര്‍ ആഴവും 2 സെന്റിമീറ്റര്‍ വീതിയും ഉള്ള മുറിവാണ് കൃപേഷിന്റെ മരണ കാരണമായത്.