രഞ്ജി ട്രോഫി വിജയത്തിന് പിന്നാലെ ഇറാനി ട്രോഫിയും സ്വന്തമാക്കി വിദര്‍ഭ. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇറാനി ട്രോഫി വിദര്‍ഭ സ്വന്തമാക്കുന്നത്.റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തിലാണ് വിദര്‍ഭ കിരീടം നേടിയത്. റെസ്റ്റ് ഓഫ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 330 റണ്‍സിന് മറുപടിയായി വിദര്‍ഭ 425 റണ്‍സടിച്ചിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ ശക്തമായി തിരിച്ചടിച്ച റെസ്റ്റ് ഓഫ് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സെടുത്തു.

വിദര്‍ഭക്ക് മുന്നില്‍ 280 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചെങ്കിലും വിദര്‍ഭക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സടിക്കാനെ കഴിഞ്ഞുള്ളു. 87 റണ്‍സടിച്ച ഗണേഷ് സതീഷും 72 റണ്‍സടിച്ച അഥര്‍വ ടൈഡയും ചേര്‍ന്നാണ് വിദര്‍ഭക്ക് സമനില സമ്മാനിച്ചത്. റെസ്റ്റ് ഓഫ് ഇന്ത്യയുടെ ഹനുമ വിഹാരി രണ്ടു ഇന്നിംഗ്‌സിലും സെഞ്ചുറി നേടി. സ്കോര്‍ റെസ്റ്റ് ഓഫ് ഇന്ത്യ 330, 374/3, വിദര്‍ഭ 425, 269/5.