ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് തീവണ്ടിയായ വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിന്‍ 18) പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ന്യൂഡല്‍ഹി റെയില്‍വേ സ്​റ്റേഷനിലാണ്​ ഫ്ലാഗ്​ ഓഫ് ​നിര്‍വഹിച്ചത്. പുൽവാമയിലെ ഭീകരാക്രമണത്തിൽ നിരവധി സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട സാഹചര്യത്തിൽ ആഘോഷ പരിപാടികൾ ചുരുക്കിയാണ് ഉദ്ഘാടനം നടത്തിയത്.

മെട്രോ ട്രെയിന്‍ മാതൃകയില്‍ എന്‍ജിനില്ലാത്ത ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ ട്രെയിനാണ് വന്ദേ ഭാരത് എക്‌സ്പ്രസ്. ദില്ലി-വാരണാസി റൂട്ടിലാകും വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുക. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിൻ ആദ്യ ദിനത്തിൽ ഒമ്പത് മണിക്കൂറും 45 മിനിറ്റുമെടുത്തായിരിക്കും വാരണാസിയിൽ എത്തുന്നത്. റായി ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയില്‍ 97 കോടി രൂപ മുടക്കി 18 മാസം കൊണ്ടാണ് ട്രെയിൻ നിർമ്മിച്ചിരിക്കുന്നത്. നിലവില്‍ സര്‍വ്വീസ് നടത്തുന്ന ശതാബ്ദി എക്‌സ്പ്രസുകള്‍ക്ക് പകരമാകും പുതിയ വന്ദേ ഭാരത് എക്സ്പ്രസ് സർവ്വീസ് നടത്തുക. എല്ലാ കോച്ചുകളിലും ഓട്ടോമാറ്റിക്ക് ഡോറുകളാണ് മറ്റൊരു പ്രത്യേകത. ജി.പി.എസ് ബേസ്ഡ് ഓഡിയോ വിഷ്വല്‍ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും ഫ്രീ വൈഫൈയും വന്ദേ ഭാരത് എക്‌സ്പ്രസിലുണ്ട്. ഓരോ സീറ്റിലെയും വെളിച്ചം അതത് യാത്രക്കാര്‍ക്ക് ക്രമീകരിക്കാനാവും.

ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് ബുക്കിങ്. ചെയര്‍കാര്‍ ടിക്കറ്റിന് 1760 രൂപയും എക്‌സിക്യൂട്ടിവ് ക്ലാസിന് 3310 രൂപയുമാണ് നിരക്ക്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് വന്ദേ ഭാരത് എക്‌സ്പ്രസ് നിര്‍മ്മിച്ചത്. 18 മാസം കൊണ്ടായിരുന്നു നിര്‍മ്മാണം. വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ആദ്യത്തെ ദിവസത്തെ യാത്രയിലെ മുഴുവന്‍ ടിക്കറ്റും ബുക്കുചെയ്തു കഴിഞ്ഞു.