ഓര്‍ത്തഡോക്‌സ്- യാക്കോബായ സംഘർഷം നിലനിൽക്കുന്ന കോതമംഗലം പള്ളിത്തർക്കത്തിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഓര്‍ത്തഡോക്‌സ് സഭയുടെ തോമസ് പോൾ റമ്പാന് പള്ളിയില്‍ പ്രവേശിക്കുന്നതിന് സുരക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും അത് നല്‍കാത്തത് എന്താണെന്ന് കോടതി ചോദിച്ചു. ഫെബ്രുവരി 19 ന് മൂവാറ്റുപുഴ ഡിവൈഎസ്‌പി നേരിട്ട് ഹാജരായി രേഖാമൂലം വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

കോതമംഗലം ചെറിയ പള്ളിയുടെ സുരക്ഷ സിആര്‍പിഎഫിനെ ഏല്‍പ്പിക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി പൊലീസിനെ വിമർശിച്ചത്. നേരത്തെ കോടതി ഉത്തരവിനെ തുടർന്ന് തോമസ് പോൾ റമ്പാൻ പള്ളിയിൽ പ്രവേശിക്കാൻ ചെന്നെങ്കിലും സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് പിന്തിരിപ്പിക്കുകയായിരുന്നു.