തിരുവനന്തപുരം: സംസ്ഥാന ഖാദി ബോര്‍ഡിനെതിരെ മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസ്സും 50 കോടി രൂപ നഷ്ടപരിഹാരവും നടൻ മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. പൊതുജന മധ്യത്തില്‍ തന്നെ അപമാനിച്ചുവെന്നും മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസില്‍ പറയുന്നു. സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ അദ്ദേഹം ചക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി അഭിനയിച്ചിരുന്നു ഇതേ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് മോഹന്‍ലാലിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്.

സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് ഖാദി വസ്ത്രങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും, എന്നാല്‍ മോഹന്‍ലാല്‍ അഭിനയിച്ച പരസ്യം പുറത്തിറങ്ങിയതോടെ ഖാദി ബോര്‍ഡിന് വന്‍ തോതില്‍ നഷ്ടമുണ്ടായെന്നും ആരോപിച്ചാണ് സംസ്ഥാന ഖാദി ബോര്‍ഡ് മോഹന്‍ലാലിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്. ഇതേ തുടര്‍ന്ന് സ്വകാര്യ സ്ഥാപനം പരസ്യം പിന്‍വലിച്ചിരുന്നു.

ഖാദി ബോര്‍ഡ് പരസ്യമായി മാപ്പ് പറയണമെന്നും, ഇത് മാധ്യമങ്ങളില്‍ പരസ്യം ചെയ്യണമെന്നും മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ 50 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വക്കീല്‍ നോട്ടീസിനെ നിയമപരമായി നേരിടുമെന്നും, 50 കോടി രൂപ നഷ്ടപരിഹാരം നല്‍കാനുള്ള ശേഷി ഖാദി ബോര്‍ഡിനില്ലെന്നും ശോഭന ജോര്‍ജ് പറഞ്ഞു.