ഗുജ്ജറുകൾക്ക് അഞ്ചു ശതമാനം സംവരണം അനുവദിച്ചുള്ള ബിൽ രാജസ്ഥാൻ നിയമസഭ പാസാക്കി. സംവരണം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ദിവസങ്ങളായി തുടരുന്ന ഗുജ്ജര്‍ പ്രക്ഷോഭത്തിന്‍റെ ഫലമാണീ നടപടി. സാമ്പത്തികമായി പിന്നോക്ക൦ നിൽക്കുന്ന മുന്നാക്കക്കാർക്ക് പത്തു ശതമാനം സംവരണം അനുവദിച്ചു കൊണ്ടുള്ള ബില്ലും രാജസ്ഥാൻ നിയമസഭ പാസാക്കി. നിലവിൽ ഒരു ശതമാനം സംവരണമാണ് ഗുജ്ജറുകൾക്ക് ഉള്ളത്.

സമരത്തെ തുടർ‍ന്ന് സവായ് മധോപുർ ജില്ലയിലൂടെയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരുന്നു. അതീവ പിന്നോക്ക സമുദായങ്ങളെന്ന നിലയിൽ ഈ സമുദായങ്ങൾക്ക് ഒബിസി സംവരണത്തിന് പുറമേ ഒരു ശതമാനം അധിക സംവരണം ലഭിക്കുന്നുണ്ട്. ഇത് അഞ്ച് ശതമാനമായി ഉയർത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.