ജനിച്ച് മൂന്നാം വയസ്സില്‍ പോളിയോ ബാധിച്ച് ഇരുകാലുകളും ഒരു കൈയും  തളര്‍ന്ന ഗീത എന്ന മുപ്പത്തെട്ടുകാരിയുടെ ജീവിതം ഏവര്‍ക്കും പ്രചോദനമാണ്. എഴുന്നേല്‍ക്കാന്‍ കഴിയാതെ വര്‍ഷങ്ങളോളം നീണ്ട ചികിത്സക്കൊടുവിലാണ് മുട്ടിളിഴയാനെങ്കിലും തുടങ്ങിയത്.

ഗീതയുടെ മനക്കരുത്തായ അമ്മ സുവര്‍ണകുമാരി മകളുടെ ഈ  കുറവിനെ ഒരു മുറിയില്‍ തളച്ചിടുകയല്ല ചെയ്തത്. പകരം പുറംലോകത്തിലെക്ക് പറക്കാനും അതിന്‍റെ സാധ്യതകളെ ഉപയോഗപ്പെടുത്താനുമാണ് മകളെ പ്രോത്സാഹിപ്പിച്ചത്. അഞ്ചാം വയസ്സില്‍ പ്ലാവൂര്‍ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ത്തു. അമ്മയുടെ ഒക്കത്തിരുന്നാണ് യാത്ര. പത്താം ക്ലാസ്സിനു ശേഷം കാട്ടാക്കട ക്രിസ്ത്യന്‍ കോളെജില്‍ ഉപരി പഠനത്തിനായി ചേരുകയും ഡിഗ്രിക്ക് ചരിത്ര വിഷയത്തില്‍ ഗീത ബിരുദം നേടുകയും ചെയ്തു.

5 മക്കളടക്കം 7 അംഗങ്ങളുള്ള ആ കുടുംബത്തിനു താങ്ങാവാന്‍ ഗീത പഠനം കഴിഞ്ഞ് കിന്‍ഫ്ര പാര്‍ക്കിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി നേടി. പഞ്ചായത്തില്‍ നിന്നും ലഭിച്ച ചക്രങ്ങള്‍ ഘടിപ്പിച്ച സ്ക്കൂട്ടരിലാണ് ജോലിക്ക് പോയിരുന്നത്. അഞ്ച് വര്‍ഷം കിന്ഫ്രയില്‍ ജോലി ചെയ്തതിനു ശേഷം മെഴുകുതിരി കച്ചവടത്തിലേക്കും പിന്നീട് ലോട്ടറി വില്പ്പനയിലെക്കും മാറി.

സ്വന്തം ജീവിതം മാത്രമല്ല ,കഷ്ട്ടപ്പെടുന്നവര്‍ക്ക് ആശ്വാസം നല്‍കാനും ഗീത മറക്കുന്നില്ല.നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളാണ് ഗീതയുടെ നേതൃത്വത്തില്‍ സാധ്യമാക്കുന്നത്. അസുഖബാധിതരയവര്‍ക്കും അപകടം സംഭവിച്ചവര്‍ക്കും ഉപജീവനമാര്‍ഗം നേടിക്കൊടുക്കുക , ഭവനരഹിതര്‍ക്ക് വീട് വെച്ച് കൊടുക്കുക, രക്തദാനത്തില്‍ പങ്കാളിയാകുക , തുടങ്ങി നീളുന്നു ഗീതയുടെ പ്രവര്‍ത്തനങ്ങള്‍. തന്‍റെ ഭാഗ്യം തന്നെ ഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക് നടത്തിച്ച തന്റെ മാതപിതാക്കളാണെന്നും, തന്നെ പോലെ കഷ്ടപ്പെടുന്നവര്‍ക്ക് തന്നാലാകുന്ന വിധം കൈതാങ്ങാകുമെന്നും എന്നുള്ള ഗീതയുടെ വാക്കുകള്‍ എല്ലാ മനുഷ്യര്‍ക്കുമുള്ള പാഠം ആണ്, പ്രത്യാശയാണ്.