ബാലഭാസ്കര്‍ എന്ന സംഗീതജ്ഞന്‍ ഒരു കാറപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ആയെന്നറിഞ്ഞു ഞെട്ടുകയും നിരാശയില്‍ വീഴുകയും ചെയ്ത അനേകം മലയാളികളായ സംഗീത പ്രേമികളില്‍ ഒരാളായിരുന്നു ഞാനും. പരുക്കിന്റെ ഗുരുതരാവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വായിച്ചപ്പോള്‍ അദ്ദേഹം ജീവിതത്തിലേയ്ക്ക് തിരികെ വരുകയല്ല മറിച്ച് മരണം നല്‍കുന്ന അനശ്വരതയിലേയ്ക്ക് പോയിരുന്നെങ്കില്‍ എന്ന് പ്രാര്‍ത്ഥിച്ച ഒരു ന്യൂനപക്ഷത്തില്‍ ഞാനും ഉണ്ടായിരുന്നു. അദ്ദേഹത്തെ പോലുള്ള ഒരു അതുല്യ പ്രതിഭ ജീവച്ഛവമായി കഴിയുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് എന്നന്നേയ്ക്കുമായി നമ്മെ വിട്ടു പോകുന്നത് എന്ന പ്രായോഗിക ചിന്തയാണ് അതിവൈകരികതയെക്കാള്‍ എന്നില്‍ മുന്നിട്ടു നിന്നത്. ബാലഭാസ്കര്‍ മരിക്കുമ്പോള്‍ നാല്പതു വയസ്സായിരുന്നു. യുവത്വത്തില്‍ മരിക്കുന്നവര്‍ എക്കാലവും ജീവിച്ചിരിക്കുന്നവരുടെ സ്മൃതികളില്‍ യുവത്വത്തോടെ നില്‍ക്കും എന്ന് കീറ്റ്സ് എഴുതിയിട്ടുണ്ട്. ബാലഭാസ്കര്‍ ഒരിക്കലും വാര്‍ധക്യം വരാതെ ശേഷജീവികള്‍ക്കൊപ്പം ഉണ്ടായിരിക്കും.

അകാലത്തില്‍ പൊലിഞ്ഞ ബാലഭാസ്കറിനൊപ്പം സഹവിദ്യാര്‍ത്ഥിയായും സുഹൃത്തായും ഗാനരചയിതാവായും ഒക്കെ കഴിഞ്ഞ ജോയ് തമലം എഴുതിയ ‘ബാലഭാസ്കര്‍- സൗഹൃദം, പ്രണയം, സംഗീതം’ എന്ന പുസ്തകം ഇരുപത്തിമൂന്നാമത് അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ വെച്ച് പ്രകാശനം ചെയ്തപ്പോള്‍ ഉടനടി വായിക്കാന്‍ തോന്നിയതിനു കാരണം ആ സംഗീതജ്ഞനെക്കുറിച്ച് തൊട്ടുമുകളില്‍ പറഞ്ഞവ തന്നെയായിരുന്നു. വയലിന്‍ എന്ന ഉപകരണത്തിന് സോളോ സംഗീത ഉപകരണം എന്ന നിലയില്‍ പ്രശസ്തി നല്‍കിയത് ചൌടയ്യയും കുന്നുകുടി വൈദ്യനാഥനും ഒക്കെ ആയിരുന്നെങ്കിലും അതിനെ മലയാളികള്‍ക്കിടയില്‍ ജനപ്രിയ ഉപകരണമാക്കിയത് ബാലഭാസ്കര്‍ ആയിരുന്നു. പുഞ്ചിരിച്ചു കൊണ്ട് വയലിന്‍ വായിക്കുന്ന ബാലഭാസ്കറിനെ ജനം ദൂരദര്‍ശന്റെ നാളുകളില്‍ത്തന്നെ ഇഷ്ടപ്പെട്ടു. യൂണിവേഴ്സിറ്റി കോളേജില്‍ തൊണ്ണൂറുകളുടെ രണ്ടാം പകുതിയില്‍ പഠിക്കാനായി എത്തുമ്പോഴാണ് ജോയ് തമലവും ബാലഭാസ്കരും സുഹൃത്തുക്കള്‍ ആകുന്നത്. ആ സൌഹൃദത്തിന്റെ കഥയാണ് ഈ പുസ്തകം പറയുന്നത്.

ബാലഭാസ്കര്‍

ഗ്രന്ഥകാരനും ഗ്രന്ഥവിഷയമായിരിക്കുന്ന സംഗീതജ്ഞനും തമ്മിലുള്ള ബന്ധത്തില്‍ ഉപരിയായി തൊണ്ണൂറുകളുടെ മധ്യത്തിലും ശേഷവും തിരുവനന്തപുരത്തുണ്ടായിരുന്ന കലാകാരന്മാരുടെ കൂട്ടായ്മകളെക്കുറിച്ചുള്ള ഒരു പുസ്തകം കൂടിയാണിത്. ബാലഭാസ്കറിന്‍റെ വ്യക്തിജീവിതത്തെ കുറിച്ച് അറിയാന്‍ താത്പര്യമുള്ളവര്‍ക്ക് ചില പ്രകാശങ്ങള്‍ ആ മേഖലയില്‍ വീഴ്ത്തുവാന്‍ പുസ്തകത്തിന്‌ കഴിയുന്നുണ്ട്. ഭാസ്കരപ്പണിക്കര്‍ എന്ന് പേരുള്ള നാദസ്വര വിദ്വാന്റെ ചെറുമകനായി ജനിച്ചത്‌ കൊണ്ടാണ് ബാലഭാസ്കര്‍ എന്ന പേര് ലഭിച്ചതെന്നു വെളിപ്പെടുത്തുന്നുണ്ട് ഈ പുസ്തകം. കൂടാതെ, ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബാലഭാസ്കാറിന്റെ പ്രണയവും വിവാഹവും ഏതു രീതിയിലാണ് ഉണ്ടായതെന്നും പുസ്തകം വിവരിക്കുന്നു. ബാലഭാസ്കര്‍ സംഗീതത്തിനു നല്‍കിയ ജീവിതത്തില്‍ ഉണ്ടായ ക്രമങ്ങളും ക്രമക്കേടുകളും ജോയ് തമലം വിശദീകരിക്കുന്നു. കൂടാതെ ബാലഭാസ്കറിന്റെ കോളേജു കാലത്ത് അദ്ദേഹത്തിന് കൂട്ടായും പശ്ചാത്തലമായും ഒപ്പം നിന്നവരെക്കുറിച്ചും പുസ്തകം വിശദീകരിക്കുന്നുണ്ട്.

പക്ഷെ ബാലഭാസ്കറിനെയും അദ്ദേഹത്തിന്‍റെ സംഗീതത്തെയും കുറിച്ചുള്ള ഒരു പുസ്തകം എന്ന നിലയില്‍ ഇത് ചിലയിടങ്ങളില്‍ പരാജയപ്പെടുന്നു. അതിനു കാരണം ബാലഭാസ്കര്‍ എന്ന സംഗീതജ്ഞന്റെ സംഗീത വ്യക്തിത്വത്തെ അഥവാ കലാവ്യക്തിത്വത്തെ നിര്‍ണ്ണയിച്ച ഘടകങ്ങള്‍ ഏതെല്ലാം, ബാലഭാസ്കര്‍ രംഗത്ത്‌ വരുമ്പോള്‍ കേരളത്തിന്റെ ജനപ്രിയ സംഗീത രസന എന്തായിരുന്നു, അതില്‍ ഏതു തരത്തിലുള്ള ഇടപെടലാണ് ബാലഭാസ്കര്‍ നടത്തിയത് അതിനെ കേരളം സ്വീകരിച്ചത് എങ്ങിനെ, ബാലഭാസ്കര്‍ ഉടക്കിയെടുത്ത ഫ്യൂഷന്‍ സംഗീതത്തിന്റെ പശ്ചാത്തലവും ഭൂതകാല പരിസരവും അത് ഭാവിയിലേയ്ക്ക് എന്തൊക്കെ നീട്ടുകള്‍ ആണ് മുന്നോട്ട് വച്ചത് എന്നൊന്നും പുസ്തകം അന്വേഷിക്കുന്നില്ല. കൂടാതെ അദ്ദേഹത്തിന്‍റെ പ്രണയത്തിന്റെ ആഴങ്ങളിലേക്ക് പോകാനോ അദ്ദേഹത്തിന്‍റെ കാല്‍പനിക വ്യക്തിത്വത്തിന്റെ സങ്കീര്‍ണ്ണതകള്‍ എന്തെന്ന് പരിശോധിക്കാനോ പുസ്തകം മുതിരുന്നില്ല. അല്പം നീട്ടിയെഴുതിയ ഒരു ഫീച്ചറിന്റെ സ്വഭാവമാണ് തത്കാലം ഈ പുസ്തകത്തിന്‌ ഉള്ളത്. പക്ഷെ ജോയ് തമലം ഈ പുസ്തകത്തെ വരാനിരിക്കുന്ന ഒരു പുസ്തകത്തിന്റെ ആമുഖം മാത്രമായി കണ്ടു കുറേക്കൂടി ആഴത്തില്‍ ബാലഭാസ്കറിനെവിലയിരുത്തുന്ന ഒരു പുസ്തകം എഴുതുമെങ്കില്‍ അത് ബാലഭാസ്കര്‍ എന്ന സംഗീതജ്ഞനെ കേരളത്തിന്റെ ജനപ്രിയ സംഗീത ഭൂമികയില്‍ അടയാളപ്പെടുത്തുന്ന ഒരു ചരിത്ര പുസ്തകം ആയി മാറും.

ഗ്രന്ഥകാരന്‍ ജോയ് തമലം

തത്കാലം ഈ പുസ്തകം, ബാലഭാസ്കറിനുള്ള ഒരു സുഹൃത്തിന്റെ അശ്രുപൂജ എന്ന നിലയില്‍ മാത്രം കണ്ടാല്‍ മതി. തിടുക്കത്തിലുള്ള ഒരു രചനയിലെ പ്രശ്നങ്ങള്‍ മാത്രമായി കുറവുകളെ അവഗണിക്കാം. പക്ഷെ ജോയ് തമലം ഗൌരവമുള്ള ഒരു പഠന-ജീവചരിത്രത്തിന് മുതിരുന്നില്ലെങ്കില്‍, അടുത്തൊരു പുസ്തകം ആരെങ്കിലും എഴുത്തും വരെ, ബാലഭാസ്കര്‍ ഇത്രയേ ഉണ്ടായിരുന്നുള്ളൂ എന്ന് വായനക്കാര്‍ കരുതും. വലിയൊരു ഉത്തരവാദിത്തമാണ് ഇപ്പോള്‍ ജോയ് തമലത്തിനു മേല്‍ ഈ പുസ്തകം കൊണ്ട് വന്നിരിക്കുന്നത്. അത് അദ്ദേഹം ആ ബോധത്തോടെ നിര്‍വഹിക്കും എന്ന് കരുതാം.

ചിന്ത പബ്ലിഷേഴ്സ് ആണ് ഈ പുസ്തകത്തിന്റെ പ്രസാധകര്‍.

-ജോണി എം എല്‍, എക്സിക്യൂട്ടീവ് എഡിറ്റര്‍, ലോകകേരളം.കോം