വയനാട്: ഇന്ന് രാവിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ മയക്കുവെടിവച്ചു വീഴ്ത്താന്‍ വനം വകുപ്പ് മന്ത്രി കെ.രാജു ഉത്തരവിട്ടു. ആനയുടെ ആക്രമണത്തില്‍ പാല്‍ വില്‍പ്പനക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതെ ആനയെ കാട്ടിലേയ്ക്കു തന്നെ ആനയെ തുരത്താനുള്ള ശ്രമത്തിനിടെ ആറോളം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിക്കേറ്റ് ആശുപത്രിയിലായി. ഈ സാഹചര്യത്തിലാണ് ആനയെ വെടിവെച്ച്‌ വീഴ്ത്താന്‍ മന്ത്രി ഉത്തരവിട്ടത്. മയക്കുവെടിവച്ച്‌ പിടിക്കുന്ന ആനയെ റേഡിയോ കോളര്‍ ധരിപ്പിച്ച ശേഷം കാട്ടില്‍ വിടാനാണ് മന്ത്രിയുടെ നിര്‍ദേശം.

ചൊവ്വാഴാച്ച രാവിലെയോടെയാണ് മാനന്തവാടിക്കടുത്ത് പനമരം മേഖലയില്‍ കാട്ടാന ഇറങ്ങിയത്. ആനയെ കാട്ടിലേക്ക് തിരികെ കയറ്റി വിടാനായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയെങ്കിലും ആന ഇവരെ പിന്തുടര്‍ന്ന് ആക്രമിച്ചു. ജനവാസ മേഖലയിലിറങ്ങിയ കാട്ടാന അക്രമസ്വഭാവം കാണിക്കുന്നതിനെ തുടര്‍ന്ന് ആനയുടെ സാന്നിധ്യമുള്ള ചെറുകാട്ടൂര്‍ വില്ലേജില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാനന്തവാട് സബ്ബ് കളക്ടര്‍ എന്‍.എസ്.കെ.ഉമേഷാണ് ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി നിരോധനാജ്ഞ പ്രഖ്യാപിച്ചത്.