ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. നായകൻ വിരാട് കൊഹ്‌ലിയുടെ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ 48.2 ഓവറില്‍ 250 റണ്‍സ് നേടി ഓള്‍ഔട്ട് ആയി. നായകന് പിന്തുണയുമായി വിജയ് ശങ്കര്‍ 46 റണ്‍സുമായി തിളങ്ങിയെങ്കിലും മറ്റ് ബാറ്റസ്മാൻമാർ പരാജയപ്പെട്ടതോടെ ഇന്ത്യയ്ക്ക് വലിയ സ്കോർ നേടാനായില്ല.

തന്റെ ഏകദിന കരിയറിലെ 40ാം സെഞ്ചുറി നേടിയ കൊഹ്‍ലി 116 റൺസ് നേടി. ആദ്യ ഓവറില്‍ തന്നെ രോഹിത് ശര്‍മ്മയെ പൂജ്യത്തിനു നഷ്ടമായ ശേഷം ശിഖര്‍ ധവാനും വേഗം മടങ്ങിയപ്പോള്‍ പ്രതിരോധത്തിലായ ഇന്ത്യയെ കൊഹ്‍ലി-വിജയ് കൂട്ടുകെട്ട് മുന്നോട്ട് നയിക്കുകയായിരുന്നു. വിജയ് ശങ്കര്‍ റണ്ണൗട്ടായതിന് പിന്നാലെ എത്തിയ അമ്പാട്ടി റായിഡുവിനും(18) കേദാർ ജാദവിനും(11) അധികം ക്രീസില്‍ നില്‍ക്കാനാകാതെ പോയപ്പോള്‍ ധോണി ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്.

ഏഴാം വിക്കറ്റില്‍ ജഡേജയെ കൂട്ട് പിടിച്ച് നേടിയ 67 റൺസാണ് ഇന്ത്യയെ 250ൽ എത്തിച്ചത്. ജഡേജയെയും(21) കൊഹ്‍ലിയെയും പുറത്താക്കിയത് പാറ്റ് കമ്മിന്‍സാണ്. ഓസ്ട്രേലിയയ്ക്ക് വേണ്ടി പാറ്റ് കമ്മിന്‍സ് നാലും ആഡം സംപ രണ്ടും വിക്കറ്റ് നേടി തിളങ്ങി. ആദ്യ ഏകദിനം ജയിച്ച ഇന്ത്യ 1-0 ന് പരമ്പരയിൽ മുന്നിലാണ്.