പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇപ്പോൾ രാഷ്ട്രീയം പറയേണ്ട സമയമല്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഭീകരരെ നേരിടുന്നതില്‍ സര്‍ക്കാരിനും സൈന്യത്തിനും ഒപ്പമാണ് കോണ്‍ഗ്രസ്. ഇത് ദുഃഖത്തിന്റേയും വീരമൃത്യു വരിച്ച സൈനികരെ ബഹുമാനിക്കാനുമുള്ള സമയമാണ്. അതിനപ്പുറം ഒരു സംസാരത്തിനും ഈ സമയത്ത് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിൻറെ ആത്മാവിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഭീകരതയുടെ ലക്ഷ്യം രാഷ്ട്രത്തെ വിഭജിക്കലാണ്. എന്നാൽ നമ്മൾ ഒരു നിമിഷം പോലും വിഭജിച്ച് നിൽക്കില്ല. നമ്മുടെ സൈനികർക്ക് നേരെ ഭയാനകമായ ഭീകരാക്രമണമാണ് നടന്നത്. ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.