ചിത്രകാരി ആലീസ് ഒരു പെൺകുട്ടിയെ അക്രമിയിൽ നിന്ന് രക്ഷിക്കവേ സ്ത്രീപുരുഷന്മാർ അടങ്ങുന്ന യാത്രക്കാർ കാഴ്ചക്കാരായി. ആലപ്പുഴയിൽ ദമ്പതികൾ രാത്രി ദമ്പതികൾ സദാചാര പോലീസിങ്ങിന് ഇരയായി. വാലന്റൈൻസ് ഡേ വരികയായി. സദാചാര പോലീസിങിനെതിരെ കേരളം ജാഗരൂകമാകണമെന്ന്, ജോണി എം എൽ

എസ് ദുര്‍ഗ്ഗയിലെ ഒരു രംഗം

സനൽ കുമാർ ശശിധരന്‍റെ എസ് ദുർഗ്ഗ എന്ന സിനിമയിൽ ഉള്ള ഒരു രംഗം ശ്രദ്ധിക്കുക; ‘കബീറും ദുർഗ്ഗയും രാത്രി ഒരിടത്തു പെട്ടുപോകുന്നു. അവരെ സഹായിക്കാമെന്ന് പറഞ്ഞു കാറിൽ വിളിച്ചു കയറ്റിയ യുവാക്കൾ സാഡിസ്റ്റുകൾ ആണെന്ന അറിഞ്ഞ ആ യുവ ദമ്പതികൾ കാറിൽ നിന്നിറങ്ങി റോഡിലൂടെ മറ്റൊരു വാഹനം തേടി അതിവേഗം നടക്കുകയാണ്. അപ്പോൾ നാട്ടിലെ രണ്ടു ചേട്ടന്മാർ ഒരു സ്‌കൂട്ടിയിൽ വന്ന് അവരെ ചോദ്യം ചെയ്യാൻ തുടങ്ങുന്നു.’ കഴിഞ്ഞയാഴ്ച ആലപ്പുഴയിൽ ഇത് പോലൊരു രംഗം അരങ്ങേറി. അത് സിനിമാ ഷൂട്ടിങ്ങൊന്നും ആയിരുന്നില്ല. യഥാർത്ഥ ജീവിതം തന്നെ. കൈനകരിയിലേയ്ക്ക് പോവുകയായിരുന്ന യുവദമ്പതികൾ രാത്രി ബൈക്ക് നിറുത്തി തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുന്ന വേളയിലാണ് രണ്ടു ലോക്കൽ അണ്ണന്മാർ സദാചാര സംരക്ഷകരായി അവിടെ പ്രത്യക്ഷപ്പെട്ടത്.

ലോക്കൽ സദാചാര പോലീസുകാരുമായി ഭർത്താവ് തർക്കിക്കുന്നത് യുവതി വിഡിയോയിൽ പകർത്തി ഫേസ്ബുക്കിലിട്ടു. സദാചാര സംരക്ഷകർ പോലീസിന്‍റെ പിടിയിലാവുകയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്തു. സദാചാര പോലീസുകാരുടെ കടന്നുകയറ്റത്തെ ചെറുത്ത ദമ്പതികളെ നാം അഭിനന്ദിക്കണം ഒപ്പം, ഇത്തരം സദാചാര പൊലീസുകാരെ നിലയ്ക്ക് നിർത്താൻ നാട്ടുകാർ ജാഗരൂകരാകണം. സ്ത്രീ പുരുഷന്റെ സ്വത്താണെന്നും അവൾക്കു മേൽ ഏതൊരു പുരുഷനും സംരക്ഷണം നൽകാൻ അവകാശമുണ്ടെന്നും ഉള്ള ആങ്ങള കോംപ്ലക്സിൽ നിന്നാണ് ഇത്തരം സദാചാര ഗുണ്ടകൾ സൃഷ്ടിക്കപ്പെടുന്നത്. ഒരു സ്ത്രീയും പുരുഷനും ഒരുമിച്ച് ഒരിടത്ത് കാണപ്പെട്ടാൽ അത് അനാശാസ്യമാണെന്ന് കരുതുന്ന ‘ബിസ്കറ്റ് പോലെ പൊടിഞ്ഞു പോകുന്ന’ സദാചാരവുമായി നടക്കുകയാണ് ഈ പുരുഷാധികാര തെമ്മാടികൾ.

മറൈൻ ഡ്രൈവിൽ ഒരുമിച്ചിരുന്നവരെ ചൂരലിനടിക്കുന്ന ശിവസേനക്കാരും കണ്ടു നില്‍ക്കുന്ന പോലീസും.

യഥാർത്ഥ പോലീസ് ഇപ്പോൾ ഇത്തരം സദാചാര ഗുണ്ടകളെ നേരിടുന്നുണ്ട്. പക്ഷെ ചിലപ്പോൾ പോലീസുകാർ സദാചാരപ്പോലീസുകാർ കൂടി ആകുന്ന സന്ദർഭങ്ങളും ഉണ്ടാകാറുണ്ട്. രാത്രിയിൽ തെരുവിലൂടെ നടന്നു പോയ വനിതാ ജേർണലിസ്റ്റിനെ പിടിച്ചു സ്റ്റേഷനിൽ കൊണ്ട് പോയി വിട്ടതിനു കാരണം പോലീസുകാരുടെ ആങ്ങള കോംപ്ലക്സ് ആയിരുന്നു. അവർക്കൊപ്പം അവരുടെ മൂല്യവ്യവസ്ഥയെ അതേപടി പിന്തുടരുന്ന പോലീസ് പെങ്ങൾമാരും ഉണ്ടായിരുന്നു എന്നതാണ് വൈചിത്ര്യം. ഉത്തരേന്ത്യയിൽ പലേടങ്ങളിലും കർണാടകത്തിലും ഒക്കെ വാലൻറ്റൈൻസ് ഡേക്ക് ഇത്തരം ആങ്ങളമാർ സദാചാര സംരക്ഷണത്തിന് ഇറങ്ങാറുണ്ട്. ഇത്തവണയും അവരുടെ ഭീഷണി ഉയർന്നു കഴിഞ്ഞു. എന്നാൽ കേരളത്തിൽ ഈ ആങ്ങളമാർ ഇടയ്ക്കിടെ പൊങ്ങി വരുന്നുണ്ട്. മറൈൻ ഡ്രൈവിൽ ഒരുമിച്ചിരുന്നവരെ ചൂരലിനടിച്ചത് ശിവസേനക്കാർ ആയിരുന്നെങ്കിൽ അത്തരം സംഘടിതരല്ലാത്ത ആങ്ങളമാരും ഈ അവസരത്തിൽ ഇറങ്ങിപ്പുറപ്പെടാറുണ്ട്.

പുരുഷാധികാരം വിടർന്നു വിജൃംഭിക്കുന്നത് കൊണ്ടാണ് കേരളം പോലുള്ള സമൂഹത്തിൽ ഇത്തരം അപചയങ്ങൾ ഇപ്പോൾ അധികമായി കണ്ടു വരുന്നത്. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാലിൽ വരുന്ന ദിവസങ്ങളിൽ ലക്ഷക്കണക്കിന് സ്ത്രീകൾ ആണ് ഒത്തു ചേരാൻ പോകുന്നത്. എന്നാൽ വനിതാമതിലിൽ പങ്കെടുക്കാൻ സ്ത്രീകൾ ഇറങ്ങിയപ്പോൾ വനിതാ മതിൽ ഉള്ള സമയത്താണ് പെണ്ണ് കാണാൻ പോകേണ്ടത് കാരണം അടക്കവും ഒതുക്കവും ഉള്ള പെണ്ണുങ്ങൾ അപ്പോൾ വീട്ടിലിരിക്കും എന്ന് പറഞ്ഞ പുരുഷ കേസരികൾ ഉള്ള നാടാണ് കേരളം. ആചാരത്തിനും അനുഷ്ഠാനത്തിനും ലക്ഷക്കണക്കിന് സ്ത്രീകൾ ഒത്തു ചേരുന്നത് തെറ്റല്ലെന്ന് കരുതുന്ന കേരളസമൂഹം നൂറു കണക്കിന് സ്ത്രീകൾ പാട്ടുപാടി നൃത്തം വെച്ചാൽ അവരെ വ്യഭിചാരിണികൾ എന്ന് വിളിക്കുന്ന ഇരട്ടത്താപ്പ് കൊണ്ടുനടക്കുന്നു.

ആലീസ്

കഴിഞ്ഞ ആഴ്ചയാണ് ചിത്രകാരിയും ഗായികയും സാംസ്കാരിക പ്രവർത്തകയുമായ ആലീസ് തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേയ്ക്ക് പോകുന്ന വേളയിൽ ഒരു പെൺകുട്ടിയെ ഉപദ്രവിച്ച പൂവാലനെ നേരിട്ടെതിർത്ത് പരാജയപ്പെടുത്തിയത്. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന വലിയൊരു സംഘം യാത്രക്കാർ കൈയും കെട്ടി നോക്കി നിൽക്കവെയായിരുന്നു ഒരു പുരുഷൻ ഒരു പെൺകുട്ടിയെ ഉപദ്രവിച്ചത്. ആലീസ് അയാളെ ആക്രമിച്ചു കീഴ്പ്പെടുത്തിയപ്പോഴും ആളുകളുടെ ആശങ്ക ആലീസ് ഉടുത്തിരുന്ന മുണ്ട് അയാൾ പിടിച്ചഴിച്ചാലോ എന്നായിരുന്നു. ‘ഞാൻ മുട്ടൊപ്പമുള്ള നിക്കർ അടിയിൽ ധരിച്ചിട്ടുണ്ട്. മുണ്ടഴിച്ചാലും വലിയ കുഴപ്പമില്ല. എന്നാൽ മുണ്ടഴിക്കും എന്ന് പേടിച്ച് അനീതി കണ്ടു നിൽക്കാൻ ആകില്ലെന്ന്’ ആലീസ് പ്രതികരിച്ചു. ആലീസിനെ പിന്തുണയ്ക്കാൻ തയാറാകാത്ത സ്ത്രീ- പുരുഷന്മാരുടെ സമൂഹം പുരുഷാധിപത്യ പ്രവണതകളുടെ നിഴലിൽ ജീവിക്കുന്നവരാണ്. ഇത് നാം തിരിച്ചറിയണം.

നമുക്ക് വേണ്ടത് ആലീസിനെ പോലുള്ള യുവതികളെയാണ്. അവരാണ് സമൂഹത്തെ മാറ്റുന്നതിൽ വലിയൊരു പങ്ക് വഹിക്കുന്നത്. ഫെബ്രുവരി പതിനാലിന് വാലൻറ്റൈൻസ് ഡേ വരികയാണ്. അത് നമ്മുടെ ആഘോഷമല്ലെന്നും പാശ്ചാത്യ ഇറക്കുമതിയാണെന്നും അതിനാൽ അതി ആഘോഷിക്കാൻ പാടില്ല എന്ന് പറയുന്ന സംഘപരിവാർ ശക്തികൾ ഇപ്പോൾ വാലൻറ്റൈൻസ് ഡേ-യെ ഹിന്ദു-മുസ്‌ലിം വിവാഹ സാധ്യതകളെ ഇല്ലാതാക്കാനും ‘ലൗ ജിഹാദ്’ എന്ന വ്യാജ ഭീഷണിയെ ചെറുക്കാനും ഉള്ള അവസരമായി ഉപയോഗിക്കുകയാണ്. ഇതിനെ എതിർത്ത് തോൽപ്പിക്കേണ്ടതുണ്ട്. പുരുഷാധിപത്യ പ്രവണതകളെ എതിർക്കുക, പരസ്പരം ഒരുമിച്ചിരിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കളെ ആക്രമിക്കാതിരിക്കുക, ആണും പെണ്ണും ഒരുമിച്ചിരുന്നാൽ സദാചാരം തകരുമെന്നും അത് അനാശ്യാസമാണ് എന്നും തോന്നുന്ന മാനസികാവസ്ഥയെ ഇല്ലാതാക്കുക എന്നതാണ് ഉത്തരവാദിത്തമുള്ള പൗരന്മാരെന്ന നിലയിൽ നാം ചെയ്യേണ്ടത്. സ്ത്രീയുടെ ഉടമ പുരുഷൻ അല്ല എന്ന് സുപ്രീം കോടതി പോലും പറഞ്ഞ സാഹചര്യത്തിൽ നാം കാടത്തത്തെ പുനരുദ്ധാനം ചെയ്യുന്നതിനേക്കാൾ നവോഥാന മൂല്യങ്ങളെ സ്വീകരിക്കുക തന്നെയാണ്.

— ജോണി എം എൽ