ഷവോമിയുടെ പോക്കോഫോണ്‍ 2018 ആഗസ്റ്റില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ തന്നെ വളരെയധികം ജനശ്രദ്ധ ആകര്‍ഷിച്ച ഒരു മോഡല്‍ ആയിരുന്നു. 21000 രൂപയ്ക്ക് ‘ഫ്ലാഗ്ഷിപ് സ്പെക്സ്’ അഥവാ കുറഞ്ഞ വിലക്ക് കൂടുതല്‍ സൗകര്യങ്ങള്‍ എന്നത് തന്നെയായിരുന്നു ഷവോമിയുടെ എല്ലാ ഫോണുകള്‍ പോലെ പൊക്കോഫോണിന്റെയും പ്രത്യേകത. ഫോണ്‍ ഇറങ്ങി നാല് മാസങ്ങള്‍ പിന്നിടുമ്പോഴും ഈ വിലയ്ക്ക് ഇതിലും നല്ല ഫോണ്‍ (സ്പെക്സ്) കിട്ടാനില്ല എന്നതും ശ്രദ്ധേയമായ കാര്യം തന്നെയാണ്.

ഷവോമി ഫോണുകള്‍ വില്‍ക്കുന്നതിനോപ്പം തന്നെ വില്‍ക്കുന്ന ഫോണുകളില്‍ അപ്ഡേറ്റുകള്‍ നല്‍കുന്നതിന്നും ശ്രദ്ധിക്കാറുണ്ട് എന്ന കാര്യം അവരുടെ ഫോണുകള്‍ ഇത്രയധികം വിറ്റ് പോകുന്നതിനു വലിയ ഒരു കാരണമാണ്. മറ്റു പല പ്രമുഖ കമ്പനികളും ശ്രദ്ധിക്കാതെ പോകുന്നതും ഈ ഒരു ചെറിയ കാര്യമാണ്. എത്ര ചെറുതാണെങ്കിലും അപ്ഡേറ്റുകള്‍ കൃത്യമായി ലഭിക്കുന്നു എന്നത് ആ കമ്പനി ഇപ്പോഴും ഈ മോഡലുകളുടെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നു എന്നതിനെയാണ് സൂചിപ്പിക്കുന്നത്.

ഷവോമിയുടെ പൊക്കോഫോണില്‍ ലഭിക്കാനിരിക്കുന്ന ഒരു വലിയ അപ്ഡേറ്റിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. കുറച്ചു കാലമായി പൊക്കോ ഫോണില്‍ ലഭിക്കാനിരിക്കുന്ന ‘വലിയ’ അപ്ഡേറ്റിനെ കുറിച്ച് അഭ്യൂഹങ്ങള്‍ കേള്‍ക്കുന്നുണ്ട്. പക്ഷെ  കഴിഞ്ഞ ദിവസം പൊക്കോഫോണിന്‍റെ ഇന്ത്യയിലെ ജനറല്‍ മാനേജര്‍ ആയ സി മന്‍മോഹന്‍ പങ്കു വച്ച ട്വീറ്റ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ക്യാമറ വിഭാഗത്തിലാണ് പ്രധാനമായും ഈ അപ്ഡേറ്റ് ലഭിക്കുക.

960 FPS സ്ലോ മോഷന്‍ വീഡിയോ, നൈറ്റ്‌ മോഡ്, 4K 60 FPS വീഡിയോ റെക്കൊര്‍ഡിംഗ് തുടങ്ങിയവയാണ് പ്രധാനമായും അപ്ഡേറ്റില്‍ ലഭിക്കുക എന്നിരുന്നാലും ഇതിനോടൊപ്പം തന്നെ ബാറ്ററിയിലും ടച്ചിലും ഇപ്പോള്‍ ഉള്ള ചില ന്യൂനമായ പ്രശ്നങ്ങളും ഈ അപ്ഡേറ്റില്‍ ശരിയാകും എന്നാണു ഷവോമി ഉറപ്പു നല്കുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് പൊക്കോഫോണിനു ആന്‍ഡ്രോയിട് പൈ അപ്ഡേറ്റ് ലഭിച്ചത്. ഉപയോക്താക്കള്‍ക്ക് ഇരട്ടി മധുരമായാണ് പുതിയ അപ്ഡേറ്റ് എത്തിയിട്ടുള്ളത്. നിങ്ങളുടെ ഫോണില്‍ അപ്ഡേറ്റ് ലഭിച്ചിട്ടുണ്ടോ എന്നറിയാനായി Setting > About phone > System update നോക്കുക.