ഞായറാഴ്‌ച രാത്രി ശബരിമല സന്നിധാനത്ത് നിന്നും അറസ്റ്റ് ചെയ്ത 69 പേരെ പത്തനംതിട്ട മുന്‍സിഫ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു. ഇവരെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകും. നിരോധനാജ്ഞ ലംഘിച്ച്‌ സന്നിധാനത്ത് പ്രതിഷേധം നടത്തിയതിനാണ് പൊലീസ് കഴിഞ്ഞ ദിവസം 70 പേരെ അറസ്റ്റ് ചെയ്തത്.

മാളികപ്പുറത്ത് വിരിവയ്ക്കാന്‍ ഭക്തരെ പോലീസ് അനുവദിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്. ശബരിമല നട അടച്ച ശേഷവും പ്രതിഷേധം തുടര്‍ന്നതോടെ പോലീസ് ബലം പ്രയോഗിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത 70 പേരെ പോലീസ് വാഹനത്തില്‍ പുലര്‍ച്ചെ മണിയാര്‍ എആര്‍ ക്യാംപിലെത്തിച്ചു. 18 തികയാത്ത ഒരാളെ പോലീസ് വിട്ടയച്ചു.