വരാപ്പുഴ: വരാപ്പുഴയിൽ ശ്രീജിത്തിൻറെ കസ്റ്റഡി മരണം സംബന്ധിച്ച് പ്രധാന സാക്ഷി പരമേശ്വരൻ നൽകിയ മൊഴി സിപിഎമ്മിൻറേ സമ്മർദ്ദം മൂലമെന്ന് മകൻ ശരത്. ശ്രീജിത്തിനെതിരെ വ്യാജതെളിവ് ഉണ്ടാക്കാൻ പോലീസിനൊപ്പം സിപിഎമ്മും ശ്രമിക്കുന്നതായാണ് ആരോപണങ്ങൾ സൂചിപ്പിക്കുന്നത്. പാർട്ടിയുടെ ബ്രാഞ്ച് സെക്രെട്ടറിയായ പരമേശ്വരനെ കൊണ്ട് വ്യാജമൊഴി കൊടുപ്പിച്ചത് സിപിഎം ആണെന്ന് മകൻ ശരത് വെളിപ്പെടുത്തി.

ആത്മഹത്യ ചെയ്ത വാസുദേവൻറെ വീട് ആക്രമിച്ച സംഭവത്തിൽ ശ്രീജിത്തിനെതിരെ നൽകിയ മൊഴി പരമേശ്വരൻ ചൊവ്വാഴ്ച നിഷേധിച്ചിരുന്നു. അങ്ങനെയൊരു മൊഴി താൻ നൽകിയിട്ടില്ലെന്നാണ് പരമേശ്വരൻ അറിയിച്ചത്. പിന്നീട് താൻ തന്നെയാണ് മൊഴി നൽകിയതെന്ന് പരമേശ്വരൻ മാറ്റി പറഞ്ഞു. സിപിഎം പ്രാദേശിക നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് അച്ഛൻ മൊഴി മാറ്റിയതെന്ന് മകൻ ശരത് പറഞ്ഞു.

ശ്രീജിത്തിനെ കണ്ടതായുള്ള മൊഴി അന്ന് തന്നെ അച്ഛൻ നിഷേധിച്ചിരുന്നെന്നും, വൈകുന്നേരം തങ്ങൾ പറയുമ്പോഴാണ് പല കാര്യങ്ങളും അച്ഛൻ അറിഞ്ഞതെന്നും ശരത് വ്യക്തമാക്കി. ‘സംഭവം നടക്കുമ്പോൾ അച്ഛൻ മാർക്കറ്റിൽ ലോഡിങ് ജോലിയിലായിരുന്നു. ഞങ്ങളോട് അച്ഛൻ അങ്ങനെയൊരു മൊഴി കൊടുത്തിട്ടില്ലെന്നാണ് ആദ്യം പറഞ്ഞത്. സഖാവ് ഡെന്നിയും, ലോക്കൽ കമ്മറ്റിയംഗം കെ.ജെ തോമസും അച്ഛനുമായി സംസാരിച്ചതിന് ശേഷമാണ് ശ്രീജിത്തിനെ കണ്ടെന്ന് വീണ്ടും പറയുന്നത്’. മരിച്ച വാസുദേവൻറെ മകൻ വിനീഷും ശ്രീജിത്തിനെ കണ്ടതായി ഓർക്കുന്നില്ലെന്നും എന്നാൽ നാട്ടുകാരനായ മറ്റൊരു ശ്രീജിത്ത് ഉൾപ്പെട്ടതായി മൊഴി നൽകിയതായും പറഞ്ഞിരുന്നു.