ഇന്തോനേഷ്യയില്‍ വലിയ ദുരന്തം വിതച്ച സുനാമിക്കും ഭൂകമ്പത്തിനും ശേഷം കുടിവെള്ളവും ഭക്ഷണവും ഇല്ലാതെ പ്രതിസന്ധിയിലാണ് ജനങ്ങള്‍. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ആരെങ്കിലും ജീവനോടെ കുടിങ്ങിക്കിടക്കുന്നുണ്ടോയെന്ന ഭീതിയിലുമാണ് ജനങ്ങള്‍. ജുനൂഗ് ചര്‍ച്ച് പരിശീലന കേന്ദ്രത്തില്‍ നിന്നും കാണാതായ 86 കുട്ടികളില്‍ 34 പേരുടെ മൃതദേഹം തകര്‍ന്ന പള്ളിക്കടിയില്‍ നിന്നും കണ്ടെടുത്തതായി ബിബിസി റിപ്പോര്‍‌ട്ട് ചെയ്യുന്നു. ഹോട്ടല്‍ റോവ റോവ തകര്‍ന്നുവീഴുമ്പോള്‍ 50 ആള്‍ക്കാരാണ് ഇതിനുള്ളിലുണ്ടായിരുന്നത്. ഇതില്‍ 12 പേരെ പുറത്തെടുത്തെങ്കിലും മൂന്ന് പേര്‍ക്ക് മാത്രമാണ് ജീവനുണ്ടായിരുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ജനങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ കരുതുന്നത്. അതിനാല്‍ തന്നെ വളരെ ശ്രദ്ധയോടെയാണ് തകര്‍ന്നു കിടക്കുന്ന കെട്ടിടങ്ങള്‍ക്ക് മുകളിലൂടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.