പ്രളയക്കെടുതികള്‍ക്കിരയായ കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതമുളള സഹായത്തിന്റെ വിതരണം ഏതാണ്ട് പൂര്‍ത്തിയായി. ഇതുവരെ അഞ്ചര ലക്ഷം പേര്‍ക്ക് സഹായം നല്‍കി കഴിഞ്ഞു. മരണപ്പെട്ടവര്‍ക്കുളള സഹായം മുന്നൂറോളം കുടുംബങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് പോലുളള രേഖകള്‍ ലഭ്യമാക്കിയിട്ടില്ലാത്തവര്‍ക്കു മാത്രമാണ് ആനുകൂല്യം നല്‍കാന്‍ ബാക്കിയുളളത്. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി ലഭിച്ച സാധനങ്ങള്‍ വ്യക്തമായ മാനദണ്ഡമനുസരിച്ച് വിതരണം ചെയ്യുന്നത് തുടരുകയാണ്. 80,461 വീട്ടമ്മമാര്‍ക്ക് കുടുംബശ്രീ മുഖേന ഒരു ലക്ഷം രൂപയുടെ പലിശരഹിതവായ്പ നല്‍കാനുളള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുളള അപേക്ഷകളിന്മേല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. വീടുകളുടെ നാശനഷ്ടം സംബന്ധിച്ച് ഐ.ടി വകുപ്പ് നടത്തുന്ന ഡിജിറ്റല്‍ സര്‍വെ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. 1,79,000 ത്തോളം വീടുകളില്‍ സര്‍വെ പൂര്‍ത്തിയായിട്ടുണ്ട്. 50,000 ത്തോളം വീടുകളുടെ വെരിഫിക്കേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

പ്രളയത്തില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് കേന്ദ്ര മാനദണ്ഡമനുസരിച്ചുളളതിനേക്കാള്‍ വലിയ തുക ലഭിക്കുമെന്ന് റവന്യൂ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രം ഹെക്ടറിന് 37,500 രൂപയാണ് ഭൂമി നഷ്ടപ്പെട്ടവര്‍ക്കായി നിശ്ചയിച്ചതെങ്കില്‍ മൂന്നു മുതല്‍ അഞ്ച് സെന്റ് വരെ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് സ്വന്തമായി മറ്റ് ഭൂമിയില്ലെങ്കില്‍ സംസ്ഥാനം ആറുലക്ഷം രൂപ നല്‍കും.

വീട് നഷ്ടപ്പെട്ടവര്‍ക്കും കേന്ദ്രമാനദണ്ഡമനുസരിച്ച് നിശ്ചയിച്ചതിനേക്കാള്‍ കൂടിയ നഷ്ടപരിഹാരമാണ് സംസ്ഥാനം നല്‍കുന്നത്. പൂര്‍ണ്ണമായും നശിച്ച വീടുകള്‍ക്ക് സമതലങ്ങളില്‍ 95,100 രൂപയും മലയോരമേഖലയില്‍ 1,01,900 രൂപയും മാത്രമാണ് കേന്ദ്രം നിശ്ചയിച്ചിട്ടുളളത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നാലു ലക്ഷം രൂപ നല്‍കും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് മറ്റെവിടെയും ഭൂമിയില്ലെങ്കില്‍ പത്തുലക്ഷം രൂപ ലഭിക്കും.