വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിനൊരുങ്ങി സിപിഎം. കാസര്‍ഗോഡ്, ചാലക്കുടി സീറ്റില്‍ ഒഴികെ എല്ലാ സിറ്റിങ്ങ് എം.പിമാരെയും മല്‍സരിപ്പിക്കാന്‍ പാര്‍ട്ടിയില്‍ ധാരണയായതായാണ് സൂചനകള്‍. മന്ത്രിമാരും എം.എല്‍.എമാരും മല്‍സരിക്കില്ല. നേതൃതലത്തില്‍ പ്രാഥമിക ധാരണയായതായാണ് സൂചന.

വടകര, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, കോട്ടയം സീറ്റുകള്‍ പിടിച്ചെടുക്കാനാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. കാസര്‍ഗോഡ് പി.കരുണാകരന് പകരം കെ.പി. സതീഷ്ചന്ദ്രനും ഇന്നസെന്റിന് പകരം കെ. രാധാകൃഷ്ണനോ, പി. രാജീവോ മല്‍സരിക്കാനാണ് സാധ്യത. കൊല്ലത്ത് കെ.എന്‍. ബാലഗോപാലും, കോഴിക്കോട് മുഹമ്മദ് റിയാസും മല്‍സരിക്കും.

ലോക്‌സഭ തിരഞ്ഞെടുപ്പിന് സംഘടനാപരമായ ഒരുക്കങ്ങളും പാര്‍ട്ടി ആരംഭിച്ചിട്ടുണ്ട്. ഈ മാസം 31 ന് മുന്‍പ് നിയമസഭാ മണ്ഡലം അടിസ്ഥാനത്തില്‍ ശില്‍പശാലകള്‍ നടത്താനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വീകരിച്ച സംഘടനാ സംവിധാനത്തിന്റെ മാതൃകയിലായിരിക്കും ലോക്‌സഭ ഉപതിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകളെന്നും സൂചനയുണ്ട്.