കേരളത്തില്‍ നിന്ന് ഫോനി ചുഴലിക്കാറ്റ് അകലുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പൂര്‍ണമായി പിന്‍വലിച്ചു. ഫോനി ചുഴലിക്കാറ്റിന്റെ ദിശ മാറിയ സാഹചര്യത്തിലാണ് അലാര്‍ട്ട് പിന്‍വലിച്ചത്. എന്നാല്‍ ചുഴലിക്കാറ്റ് മെയ്‌ 3ന് ഒഡിഷ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 175-185 കിലോമീറ്റര്‍ വേഗത്തില്‍ ചുഴലിക്കാറ്റ് വീശാനാണ് സാധ്യത.

എറണാകുളം, മലപ്പുറം, വയനാട് എന്നീ ജില്ലകളിലായിരുന്നു ഇന്ന് യെല്ലോ അലര്‍ട്ട് ഉണ്ടായിരുന്നത്. തീരപ്രദേശത്തു താമസിക്കുന്നവര്‍ക്കും, മത്സ്യബന്ധന തൊഴിലാളികള്‍ക്കുമുള്ള ജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. യെല്ലോ അലര്‍ട്ട് പിന്‍വലിച്ചെങ്കിലും സംസ്ഥാനത്തിന്റെ ചില ഇടങ്ങളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.