ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാനുളള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ജാഗ്രതാനിർദ്ദേശം. കേരളത്തില്‍ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

എട്ട് ജില്ലകളില്‍ ചൊവ്വാഴ്ച വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍ തൊട്ടടുത്ത തീരത്തേക്ക് ഉടന്‍ മടങ്ങണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ജനങ്ങൾ മലയോരമേഖലകളിലേക്കും ബീച്ചുകളിലേക്കും യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

കടലാക്രമണം രൂക്ഷമായ സാഹചര്യത്തിൽ തീരദേശത്ത് ഒരുമാസത്തെ സൗജന്യ റേഷൻ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. രൂക്ഷമായ കടലാക്രമണവും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പ് കണക്കിലെടുത്താണ് ഒരുമാസത്തെ സൗജന്യ റേഷൻ സർക്കാർ അനുവദിച്ചത്.