അടിയന്തര ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്തുനിന്ന് ആംബുലന്‍സില്‍ കൊണ്ടുവന്ന കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം മംഗലാപുരത്തു നിന്നു കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ആരോഗ്യ മന്ത്രി ഇടപെട്ടതോടെയാണ് കുഞ്ഞിന്‌ അമൃത ആശുപത്രിയില്‍ ചികിത്സക്ക്‌ സംവിധാനമൊരുക്കിയത്. ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ചികിത്സ ചിലവും സര്‍ക്കാര്‍ വഹിക്കാനും തീരുമാനമായി.

ഇന്ന് രാവിലെ 11.15 നാണ് മംഗലാപുരത്ത് നിന്ന് ആംബുലന്‍സ് പുറപ്പെട്ടത്. 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ചികിത്സയ്ക്കായി കൊണ്ടു വന്നത്. തിരുവനന്തപുരം ശ്രീചിത്രയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുപോവാന്‍ തീരുമാനിച്ചിരുന്നത്. എങ്കിലും കുട്ടിയുടെ ആരോഗ്യനിലയും പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് കുഞ്ഞിന് കൊച്ചി അമൃതാ ആശുപത്രിയില്‍ എത്തിക്കാന്‍ തീരുമാനം എടുക്കുകയായിരുന്നു. ആരോഗ്യ മന്ത്രി അമൃത ആശുപത്രിയില്‍ നേരിട്ട് വിളിച്ച്‌ കുട്ടിയുടെ ചികിത്സക്കായി സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ആവശ്യപ്പെട്ടു.