യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി റിപ്പോര്‍ട്ട്. രാജ്മോഹന്‍ ഉണ്ണിത്താന്‍ ശബരിമല വിഷയം പ്രചരണായുധമാക്കിയെന്ന എല്‍ഡിഎഫ് പരാതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. എല്‍ഡിഎഫ് കാസര്‍കോട് മണ്ഡലം സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയാണ് ജില്ലാ വരണാധികാരിയായ കലക്ടര്‍ക്ക് പരാതി നല്‍കിയത്.

പയ്യന്നൂര്‍ അരവഞ്ചാലില്‍ ഏപ്രില്‍ എട്ടിന് ഉണ്ണിത്താന്‍ വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പിങ്ങും പരാതിക്കൊപ്പം സമര്‍പ്പിച്ചിരുന്നു. ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. മതവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉന്നയിക്കരുതെന്ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമാക്കിയിരുന്നു.