മോസ്കോ: റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓഡർ ഓഫ് സെന്‍റ് ആൻഡ്രൂ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ചു. റഷ്യ സ്വന്തം രാജ്യത്തെയും ഇതര രാജ്യങ്ങളിലെയും പൗരൻമാർക്ക് നൽകുന്ന പരമോന്നത സിവിലിയൻ പുരസ്കാരമാണ് ഓഡർ ഓഫ് സെന്‍റ് ആൻഡ്രൂ. ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് മോദിക്ക് ഈ പരമോന്നത പുരസ്കാരം നൽകാൻ തീരുമാനിച്ചത്.

തെരഞ്ഞെടുപ്പ് കാലത്ത് ഇത് രണ്ടാം തവണയാണ് ഒരു പരമോന്നത പുരസ്കാരം മോദിയെ തേടിയെത്തുന്നത്. നേരത്തേ യുഎഇയുടെ പരമോന്നത സിവിലിയൻ പുരസ്കാരവും പ്രധാനമന്ത്രിയെ തേടിയെത്തിയിരുന്നു. ഈ മാസം അവസാനം ആ പുരസ്കാരം നേരിട്ട് വാങ്ങാൻ മോദിയെത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും തെരഞ്ഞെടുപ്പ് ചട്ടലംഘനമായേക്കാം എന്നതിനാൽ ഈ തീരുമാനം റദ്ദാക്കിയിരുന്നു.