അമിത് ഷായുടെ പാക്കിസ്ഥാൻ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാടിന്റെ ചരിത്രം അമിത് ഷായ്ക്ക് അറിയില്ലെന്നും സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്താലെ ചരിത്രം മനസിലാകൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അമിത്ഷാ വയനാടിനെ അപമാനിച്ചുവെന്നും വയനാടിനെതിരെ അമിത് ഷായുടെ പരാമര്‍ശം വർഗീയ വിഷം തുപ്പുന്നതാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

വയനാട്ടില്‍ രാഹുലിന്റെ റാലി കണ്ടാല്‍ അത് നടക്കുന്നത് ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോ എന്ന് തിരിച്ചറിയാന്‍ കഴിയില്ലെന്നായിരുന്നു അമിതാ ഷായുടെ പരാമര്‍ശം. അമിത് ഷാ നടത്തിയ വയനാട് പരാമര്‍ശത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. അമിത് ഷാ നടത്തിയത് വിഷം തുപ്പുന്ന വര്‍ഗീയ പരാമര്‍ശമാണെന്ന് പറഞ്ഞ കോടിയേരി ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചില്ലെന്നും കുറ്റപ്പെടുത്തി.