കേരള രാഷ്ട്രീയത്തിലെ അതികായനാണ് അന്തരിച്ച കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി. കേരള നിയമസഭയെ ഏറ്റവും കൂടുതല്‍ കാലം പ്രതിനീധികരിച്ച സാമാജികനായിരുന്നു മാണി. മരിക്കുമ്പോഴും അദ്ദേഹം പാലായുടെ എംഎല്‍എയായിരുന്നു. 13 തവണയാണ് പാലാ നിയമസഭ മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. കൂടുതല്‍ തവണ (13)​ ബഡ്‌ജറ്റ് അവതരിപ്പിച്ചുവെന്ന റെക്കോഡുകളും മാണിയുടെ പേരിലാണ്.

കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്ക്, മരങ്ങാട്ടുപള്ളിയില്‍ കര്‍ഷകദമ്പതികളായിരുന്ന തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടേയും മകനായാണ് കെഎം മാണിയുടെ ജനനം. 1959 കോണ്‍ഗ്രസ് പ്രവര്‍ത്തകനായാണ് രാഷ്ടീയ പ്രവര്‍ത്തനം ആരംഭിച്ചത്.1965 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ നിന്നും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചു.

പിന്നീട് 1975 ലെ അച്ചുതമേനോന്‍ മന്ത്രിസഭയില്‍ ആദ്യമായി മന്ത്രിയായി. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കെ.കരുണാകരന്റെ നേതൃത്വത്തിലുണ്ടായ മന്ത്രിസഭയില്‍ കെഎം മാണി ആഭ്യന്തര മന്ത്രിയായി. 1980ല്‍ ഇകെ നായനാര്‍ സര്‍ക്കാരില്‍ കെ എം മാണിയും അംഗമായി. പക്ഷേ 1982ല്‍ നായനാരെയും ഇടതുമുന്നണി നേതൃത്വത്തേയും ഞെട്ടിച്ച് കെഎം മാണി രാജിവെച്ച് യുഡിഎഫിലേക്ക് മടങ്ങി. പത്ത് മന്ത്രിസഭകളില്‍ അംഗമായിരുന്ന മാണിക്കാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നതിന്റെ റെക്കോര്‍ഡ്.1965 മുതല്‍ പാലായിൽ നിന്നും ജയിച്ച മാണി ഒരിക്കലും തെരഞ്ഞെടുപ്പില്‍ പരാജയം അറിയാത്ത നേതാവുമാണ്.